.....

14 March 2011

പേരില്ലാത്ത തെരുവേ

തെരുവേയെന്നു കരയുന്ന
നീയാരാണ്‌..?
വരണ്ടു വിണ്ടടര്‍ന്ന
ചുണ്ടിലുമ്മ ചോദിച്ച്
നീയെന്തിനു കല്ല്‌ വാങ്ങുന്നു ?

തെരുവിന്റെ ശവം കണ്ടില്ലേ ?
കേടായ കളിപ്പാട്ടം പോലെയാണ്
കുട്ടികള്‍ വലിച്ചെറിഞ്ഞത്

കുട്ടികളോ എന്ന് അത്ഭുതപ്പെടാന്‍
തോന്നുന്നുണ്ടോ ?
ഇവിടെ കുട്ടികളാണ്
ശവം കൊണ്ട് പോകുന്നത്.

ഉപേക്ഷിക്കപ്പെട്ട പട്ടാള ട്രക്കിന്റെ
ടയറുകള്‍ ചേര്‍ത്തുണ്ടാക്കിയ വണ്ടിയിലാണ്
വലിച്ചു കൊണ്ട് പോയത്

പൂട്ടിപ്പോയ പന്നിഫാമിന്റെ പുറകിലേക്ക്
നരകമണം ശ്വസിക്കെടായെന്ന്
തെരുവിനെയും വണ്ടിയെയും തള്ളിയപ്പോള്‍
കയ്യടിയുടെ  കടല്‍ത്തിര ഉയര്‍ന്നിരുന്നു

തെരുവുകള്‍ക്ക്‌ മീതെ
കരിമ്പടം പുതപ്പിച്ചവനെത്തേടിയാണ്
കുട്ടികള്‍  കവണകളുമായി നടക്കുന്നത്

വിളക്കു കാലുകളില്‍ തലയടിച്ച്  
തെരുവേ തെരുവേയെന്ന്  കരഞ്ഞ്‌
തെരുവെന്നു പേര് കിട്ടിയ
പേരില്ലാത്ത തെരുവേ...

നിന്റെയോര്‍മ്മ മാത്രം മതിയെന്ന്
ചോര മണത്തിലോക്കാനിക്കാത്ത കുട്ടികള്‍
പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എന്റെ തെരുവേ...
നീ മരിക്കാതിരുന്നെങ്കില്‍
നെഞ്ചില്‍ ഒരു വെടിയുണ്ടയും
തറയാതിരുന്നെങ്കില്‍.......

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

വാക്കുകളില്ലാതാകുന്ന കാലം വരും മുമ്പേ
എനിക്കും നിനക്കും സംസാരിക്കാതിരിക്കാം
ചിന്തിക്കാതിരിക്കുന്നതെങ്ങനെ..?

Pranavam Ravikumar said...

നല്ല വരികള്‍

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട് ഈ തെരുവു കവിത.

Unknown said...

തെരുവേ തെരുവേ
നീ മരിക്കാതിരുന്നെങ്കില്‍
നെഞ്ചില്‍ ഒരു വെടിയുണ്ടയും
തറയാതിരുന്നെങ്കില്‍.......
പക്ഷെ
നിന്റെ മുതുകില്‍ മുഴുവന്‍
വെടിയുണ്ടയും
നെഞ്ചില്‍ ചോരയും ആണല്ലോ

yousufpa said...

ജീവിതത്തിന്റെ ഈ തെരുവിൽ ഞാനും വല്ലാതെ വീർപ്പുമുട്ടി.

ശ്രീനാഥന്‍ said...

തെരുവുകൾ മരിക്കാതെയിരിക്കട്ടേ ഹൻല്ലലത്ത്, കുട്ടികൾ കവണകളുമായി നിതാന്തജാഗ്രതയിൽ ചോരയിലേക്ക് ഓക്കാനിക്കാതെ കാത്തു നിൽക്കട്ടെ. കുട്ടികളല്ലേ പ്രതീക്ഷ.

sm sadique said...

കവണയും കല്ലും നമുക്ക് അത്ര പരിചിതമല്ലെങ്കിലും പലസ്തീനിലെ കുഞ്ഞ് പൈതങ്ങൽക്കറിയാം , അത് എന്ത്, എന്തിനെന്ന്.
എങ്കിലും , തെരുവിന്റെ വിളി സൂക്ഷമചിന്ത പേറുന്നവന്റെയായി.

Junaiths said...

എത്രമേല്‍ നൊന്താലും
കരയാതെ ബാക്കിയീ തെരുവ്.

Marykkutty said...

ഹേയ്, ഹന്.....

നിങ്ങള്‍ പറഞ്ഞ തെരുവിനെ ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്....

വാളും, കോടാലിയും കൈകളില്‍ ഏന്തിയ ബാലന്മാര്‍ ഇരകളെ തേടി നടക്കുകയാണ് .....!

ഈ ബഹ്‌റൈന്‍ മറ്റൊരു ലിബിയ ആവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.....

നിങ്ങളും പ്രാര്‍ഥിക്കുമല്ലോ ....?