.....

05 March 2009

ഭ്രാന്തിനു ചിറകു മുളച്ചാല്‍

ഭ്രാന്തിനു ചിറകു മുളച്ചാല്‍
പറക്കില്ലത്.
അള്ളിപ്പിടിച്ചിരിക്കും
ചിന്തകളില്‍, സ്വപ്നങ്ങളില്‍

അക്ഷരപ്പെയ്ത്തില്‍ കുതിര്‍ന്ന

കടലാസിലേക്ക്
പ്രേതബാധ പോലെ
കണ്ണുകളാല്‍ തീ കോരിയിടും

വിരല്‍ത്തുമ്പില്‍
പൊള്ളിപ്പനിയാല്‍
വിറ പിടിപ്പിക്കും

ഒറ്റപ്പെട്ടവനെന്നു വിളിച്ച്
മനസ്സിനുള്ളില്‍
ആരുകളാല്‍ മുറിവേല്‍പ്പിക്കും

സ്വന്തമായൊന്നുമില്ലാത്ത
ജീവിതമാണ് സത്യമെന്ന്

ബോധമണ്ഡലത്തില്‍
ചൊറിക്കയ്യാല്‍ കോറി വരക്കും

കണ്ണു നീരെന്നാല്‍
കള്ളങ്ങളുടെ പ്രസവ രക്തമാണെന്ന്
മുറിവേറ്റ മനസ്സില്‍ പച്ച കുത്തും

ഏകാന്തതകളില്‍
മുട്ടുകളില്‍ മുഖമമര്‍ത്തി
വിതുമ്പുവാന്‍ പറയും

ഇറ്റി
വീഴുന്ന കണ്ണുനീരില്‍
നിലം കുതിരുമ്പോള്‍,
മഴ പോലെയത് ഒഴുകിപ്പരക്കുമ്പോള്‍
ഞെട്ടിയെഴുന്നേല്‍ക്കാന്‍ പറയും

സ്നേഹമെന്നാല്‍
വഞ്ചനയുടെ മറു പുറമാണെന്ന്
തിരസ്കൃതരുടെ വിലാപം
ചെവികളില്‍ മുഴക്കിക്കൊണ്ടെയിരിക്കും

പൊള്ളലേല്‍പ്പിച്ച്
നിദ്രകളില്‍
പ്രണയിനിയുടെ മുഖം കാട്ടിത്തരും.

ചങ്ങലക്കിലുക്കങ്ങള്‍
ഉയരുന്ന ലോകത്തേക്ക്
ഭീതിയോടെ മുഖം തിരിച്ചിരിക്കും

19 comments:

ഹന്‍ല്ലലത്ത് Hanllalath said...

"......... ഭ്രാന്തിനു ചിറകു മുളച്ചാല്‍
പറക്കില്ലത്
അള്ളിപ്പിടിച്ചിരിക്കും
ചിന്തകളില്‍, സ്വപ്നങ്ങളില്‍............"

അനില്‍@ബ്ലോഗ് // anil said...

സത്യം !!
എന്റെ മനസ്സെങ്ങിനെ വായിച്ചു ചങ്ങാതീ?

ഒരു ഇടപെടല്‍,
“ഭ്രാന്തിനു ചിറകു മുളച്ചാല്‍
പറക്കില്ലത്


എന്നു വച്ചാല്‍ ചിറകില്ലെന്കില്‍ പറക്കുമായിരുന്നു എന്നാണോ?
മുളച്ചെന്നാലും അഥവാ അങ്ങിനെ ഒരു വാക്കാണ് ഞാനവിടെ കൂട്ടിച്ചേര്‍ത്ത് വായിച്ചത്.
:)
ചുമ്മാ.

Ranjith chemmad / ചെമ്മാടൻ said...

"അക്ഷരപ്പെയ്ത്തില്‍
കുതിര്‍ന്നിരിക്കുന്ന കടലാസിലേക്ക്
പ്രേതബാധ പോലെ
കത്തുന്ന കണ്ണുകളാല്‍
തീ കോരിയിടും"

നീ കവിതയിലൂടെയും തീ കോരിയിടുന്നു....
നെരിപ്പോടില്‍ നിന്നുതിരുന്നത്...!!!

Unknown said...

കണ്ണു നീരെന്നാല്‍
കള്ളങ്ങളുടെ പ്രസവ രക്തമാണെന്ന്
മുറിവേറ്റ മനസ്സില്‍ പച്ച കുത്തും

nalla varikal

ഹന്‍ല്ലലത്ത് Hanllalath said...

രണ്‍ജിത് ചെമ്മാട്,
മുന്നൂറാന്‍,
വായിച്ചെഴുതിയതിന് നന്ദി...



അനില്‍@ബ്ലോഗ്

തിരുത്ത്‌ നന്നായി..
അങ്ങനെ ഒരു തെറ്റ് ഇപ്പോഴാണ് കണ്ടത്.
നന്ദി...

ഗൗരി നന്ദന said...

സ്നേഹമെന്നാല്‍
വഞ്ചനയുടെ മറു പുറമാണെന്ന്
തിരസ്കൃതരുടെ വിലാപം
ചെവികളില്‍ മുഴക്കിക്കൊണ്ടെയിരിക്കും

എന്തിനാണ് വെറുതെ ഇങ്ങനെ പേടിപ്പിക്കുന്നത്‌?? കവികള്‍ ഒരിക്കലും ശുഭാപ്തി വിശ്വാസക്കാര്‍ ആവാന്‍ പാടില്ല?

കത്തുന്ന തീയിനെ കെടുതാനാവും പ്രണയത്തിന്..

ശ്രീഇടമൺ said...

ആശയ ഭംഗിയുള്ള കവിത...
ആശംസകള്‍...*

വിജയലക്ഷ്മി said...

നല്ല അര്ത്തവത്തായ കവിത ..വരികളിലൂടെ ഒഴുകുന്നു .ആശംസകള്‍ !

ഹന്‍ല്ലലത്ത് Hanllalath said...

ഗൗരി നന്ദന ,
ശ്രീഇടമൺ ,
വിജയലക്ഷ്മി ...


ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി...

ഗൌരി ചേച്ചീ ...
കണ്ണുനീര് കൊണ്ട് കെടുത്താം
എന്നാണോ അര്‍ഥമാക്കിയത്..?! :)

ചാന്ദ്‌നി said...
This comment has been removed by the author.
ചന്ദ്രകാന്തം said...

ആദ്യ വരികളിൽ ഉണ്ട്‌..പറയാനുള്ളതെല്ലാം.

Sapna Anu B.George said...

ഹന്‍ല്ലലത്ത്.....ഇത്തിരി വേദനിപ്പിക്കുന്ന കവിത, എങ്കിലും എത്രയെത്ര സത്യങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

കണ്ണു നീരെന്നാല്‍
കള്ളങ്ങളുടെ പ്രസവ രക്തമാണെന്ന്
മുറിവേറ്റ മനസ്സില്‍ പച്ച കുത്തും

പൊള്ളുന്ന വാക്കുകള്‍.. കനല് പോലെ... ! അഭിവാദ്യങ്ങള്‍...

Unknown said...

ഹല്ലു,സത്യമാണ് എല്ലാം..
ഒറ്റപ്പെട്ടവനെന്ന് സ്വയം കുത്തിനോവിക്കും,
അക്ഷരപ്പെയ്ത്തില്‍ പൊള്ളിക്കും.
ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ചങ്ങലക്കിലുക്കങ്ങള്‍
ഉയരുന്ന ലോകത്തേക്ക്
ഭീതിയോടെ മുഖം തിരിച്ചിരിക്കും “

എന്റെ ചങ്ങലകളഴിക്കരുത്..
എന്റെ ഭ്രാന്തിനെ
എനിക്ക് തിരിച്ചു തരിക...

ഹന്‍ല്ലലത്ത് Hanllalath said...

ചന്ദ്രകാന്തം,
Sapna Anu B.George,
...പകല്‍കിനാവന്‍...daYdreamEr... ,
ആഗ്നേയ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

അക്ഷരപ്പൊള്ളല്‍ തൊട്ടറിഞ്ഞതിന് ഒരുപാട് നന്ദി...

ഈ വഴി മറക്കില്ലല്ലോ..

ആമി said...

നിന്റെ വാക്കുകളുടെ അഗ്നി മനസ്സിലേക്ക് പടരുന്നു...

ഹന്‍ല്ലലത്ത് Hanllalath said...

ആമി ,
നന്ദി
കൂടെ നടക്കുന്നതിനും നടത്തുന്നതിനും

cp aboobacker said...

ഓരോ സ്‌റ്റാന്‍സയും ഓരോ നല്ലകവിത. ആത്യന്തികമായി അനേകം കവിതകളുടെ സമന്വയം. അതെന്താണങ്ങനെ?
കുട്ടികൃഷ്‌ണമാരാരാണ്‌ ഇത്‌ കാണുന്നതെങ്കില്‍ പ്രകരണശുദ്ധിയില്ലെന്ന്‌ പറയുമായിരുന്നു.
ഹന്‍ല്ലലത്തിന്റെ കവിത എനിക്കെത്രയും ഇഷ്ടമാകയാല്‍ അത്തരം അശ്രദ്ധകള്‍ ഞാന്‍ കാര്യമാക്കുന്നില്ല.
ഇമേജുകളുടെ സമൃദ്ധി നിമിത്തം വസന്തകാലത്തെന്നപോലെ മരങ്ങളിലെല്ലാം പൂക്കള്‍ നിറഞ്ഞിരിക്കുന്നു.