.....

27 March 2009

ഇരുട്ട്

രാവിന്റെ
ഗര്‍ഭ പാത്രത്തില്‍
മൃതിയടയുന്ന
വെയില്‍ നാളങ്ങളില്‍
അമര്‍ത്തിച്ചുംബിച്ച്
കാത്തിരിക്കുന്നു

ഇനിയുമൊരു
ജന്‍മത്തിനായി ...

അതിലെങ്കിലും
ഒരു നുറുങ്ങു വെട്ടമായി
പിറന്നുവെങ്കില്‍...

18 March 2009

നഗരം

നരച്ച വെയില്‍ നൂലുകളാല്‍
പിന്നിയ ഓര്‍മ്മകളില്‍
ഒരു ചിത്രത്തുന്നല്‍..

നഗരച്ചുവപ്പില്‍
അന്തിയാര്‍ത്തികള്‍
വിലപേശാന്‍
നിന്ന് തിരിയുന്നു

മുലമുറിച്ച പെണ്ണ്
കുഞ്ഞിനെ കാണിച്ച്
ചേറു പിടിച്ച കയ്യാല്‍
കാലില്‍ തൊടുന്നു.

അവളൊരിക്കല്‍
ത്രസിപ്പിക്കുന്ന ഓര്‍മ്മയാവാം
പലര്‍ക്കും.

ഒറ്റമുലയുടെ കാഴ്ച
ഒരു പെണ്ണിനേയും
പിന്തുടരാതിരിക്കട്ടെ..

രാത്രി ഷിഫ്റ്റില്‍
ജോലിക്ക് പോകുന്ന
ഭര്‍ത്താവിന്റെ റോളില്‍
ഒരു പെണ്ണെന്നെ കാത്തിരിക്കുന്നു.

പുലരും വരെ ഞാനവള്‍ക്ക്
എല്ലാമാകുന്നു.
അതിരാവിലെ കുളിക്കാതെ
അവളുടെ മണവുമായി
ഞാന്‍ ഇറങ്ങിപ്പോകുന്നു..

ഒന്നുമറിയാതെ അയാള്‍
ഉറക്ക ക്ഷീണത്താല്‍
ജോലിത്തളര്‍ച്ചയാല്‍
ഫ്ലാറ്റിന്റെ പടികടന്ന് അകത്തേക്ക്..

നഗരം തിരക്ക് പുതച്ച്
ഗൂഡമായ്
എല്ലാം ഉള്ളിലൊതുക്കുന്നു.

മുഖം നിറയെ
കുരുക്കള്‍ നിറഞ്ഞ
വയസ്സന്‍ ഗൂര്‍ഖ
എന്നെ നോക്കി
വൃത്തികെട്ട ചിരിയോടെ
പാന്‍ മസാല തുപ്പിക്കളയുന്നു.

ഓര്‍മ്മകളുടെ
അവസാനത്തെ എണ്ണ മണവും
അവളുടെ മുടിയില്‍ തുടച്ചു കളഞ്ഞ്
മനസ്സില്‍
ഞാനെന്റെ ഗ്രാമത്തെ
കൊന്നു കളയുന്നു

പിറ്റേന്ന്
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല ..

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു

13 March 2009

അനിവാര്യമായ പ്രണയം

ദുര്‍ബലമായ
കൈകളില്‍ വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ് പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

ബലവാനായ
കാമുകനെ കിട്ടുമെന്ന്
അറിയാമല്ലോ..?

ഹൃദയം അലിഞ്ഞു പോയ
എനിക്ക്
നിനക്കായി ഒന്നും തരാനാവില്ല

എന്തിനാണ്
എന്നെത്തേടി
ഇത്ര ദൂരം വന്നത്  ?

മറവിയുടെ ആലസ്യത്തില്‍
മുഴുകിപ്പോയ ഞാന്‍
ഒന്നും കാത്തു വച്ചിട്ടില്ലല്ലോ..?!!

വിദൂരതയില്‍ നീ ഉണ്ടെന്ന്
എപ്പോഴും മനസ്സിനെ
ഓര്‍മ്മിപ്പിക്കുമായിരുന്നു

ഒരിക്കല്‍
എന്നെ തേടി വരുമെന്നും
അറിയാമായിരുന്നു

ഇരുള്‍ നിറഞ്ഞ രാത്രികളില്‍
ചാന്ദ്ര വെളിച്ചത്തില്‍
നടക്കുമ്പോള്‍
എന്നോട് തന്നെ
പറയാറുണ്ടായിരുന്നു
നിന്‍റെ വരവിനെക്കുറിച്ച്...

ഇപ്പോള്‍
എന്നെ തേടി വരുമെന്ന്,
മരണമേ,
കൊതിച്ചു പോലും ഇല്ലല്ലോ...?

09 March 2009

ലോഹഗര്‍ഭം

ലോഹഗര്‍ഭം ചുമക്കുമച്ഛന്‍റെ-
യാലയില്‍ കാണാം
മറു പിള്ളയില്ലാതെയുടല്‍ പാതി വെന്ത്
ഉലയിലെ ചൂടില്‍ പിന്നെയും
ഭ്രൂണക്കൊഴുപ്പുകള്‍

തീക്കൂട്ടിയുറഞ്ഞു തുള്ളിത്തുടി *
കൊട്ടിപ്പാഞ്ഞലറിപ്പെയ്തു ഞങ്ങള്‍
പാടിത്തളരുന്നത് കേട്ട്
കാഴ്ച കാണാന്‍ കുന്നിറങ്ങിക്കാട് താണ്ടി
യൊതുക്കമുള്ള കാട്ടു കനി കണ്ടു നാവ്
നൊട്ടി വേട്ടയ്ക്കായി
ചമഞ്ഞൊരുങ്ങിക്കൊള്‍ക

ഉലയിലൂതിപ്പുകഞ്ഞു
കണ്‍കളില്‍ ചാരം തെറിക്കാതെ സൂക്ഷിച്ചു
തീക്കൂട്ടിയൂതിയൂതിക്കാച്ചിയ മൂര്‍ച്ച
നിനക്കായി...മാത്രം...

കാഴ്ച മങ്ങി പീള കെട്ടി
മൂര്‍ച്ച തേഞ്ഞ്
വായ്ത്തലയൊടിഞ്ഞ നിന്‍റെ നോട്ടം
ഇനിയെന്നില്‍ മുറിവുണ്ടാക്കില്ല

ലോഹാലയത്തിനുള്ളില്‍ സ്വപ്‌നങ്ങള്‍
അടിച്ച് പതം വരുത്തുവാനപ്പന്‍
പണിപ്പെട്ടുയര്‍ന്നു നെഞ്ചിന്‍കൂടില്‍
നിറയുന്ന ശ്വാസം
അടക്കി തേങ്ങാതെയുരിയാടാന്‍ മറന്നു
എനിക്കായി

ഞരമ്പിലുരഞ്ഞു കയറി
പോറലുണ്ടാക്കിയ 

ദുഃഖ സ്വപ്‌നങ്ങള്‍
ഇനിയെനിക്ക് ഉറക്കമകറ്റുന്ന
ചൂട്ടു വെളിച്ചമല്ല

കാഴ്ച വറ്റിയ കണ്‍കിണറിലെ
നനവ് തേടിയലഞ്ഞു പിണഞ്ഞു പോയ
നേര്‍ത്ത ഞരമ്പ് വേരുകളില്‍
പഴുപ്പ് ബാധിച്ച ഇരുള്‍ സ്വപ്‌നങ്ങള്‍
കറുത്ത ജലമായി....

തല പിളര്‍ത്തിക്കടന്നു പോയ
അസ്ത്ര വാക്കുകള്‍
ചിന്തയില്‍ക്കടന്നു സ്വപ്നത്തുണ്ടുകള്‍
ഭക്ഷിച്ചു തൃപ്തിയടയും....

ഇല വിരിക്കാനിനിയതിഥിയില്ല
രാക്കൂട്ടു തേടിക്കാടു കടന്നു വന്നവര്‍
ഇലയൊന്നിച്ചാളിന്‍ കയ്യും കടിച്ചു
ചിറിയും തുടച്ചോടിപ്പോകും മുമ്പെന്‍
കിനാക്കൂട്ടിലൊരു വിത്തൊഴുക്കിയത് നീ കണ്ടില്ല

ഇയ്യമുരുക്കിയെന്‍ കണ്‍കളില്‍ ഒഴിക്കാം
സ്വപ്ന വഴികളില്‍
ഇരുള്‍ വീഴ്ത്തിയാവഴി തടയാം

മൂര്‍ച്ചയേറ്റിയേറ്റിയൊരു
വായ്ത്തല കാത്തിരിപ്പുണ്ട്‌ .....

തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും

05 March 2009

ഭ്രാന്തിനു ചിറകു മുളച്ചാല്‍

ഭ്രാന്തിനു ചിറകു മുളച്ചാല്‍
പറക്കില്ലത്.
അള്ളിപ്പിടിച്ചിരിക്കും
ചിന്തകളില്‍, സ്വപ്നങ്ങളില്‍

അക്ഷരപ്പെയ്ത്തില്‍ കുതിര്‍ന്ന

കടലാസിലേക്ക്
പ്രേതബാധ പോലെ
കണ്ണുകളാല്‍ തീ കോരിയിടും

വിരല്‍ത്തുമ്പില്‍
പൊള്ളിപ്പനിയാല്‍
വിറ പിടിപ്പിക്കും

ഒറ്റപ്പെട്ടവനെന്നു വിളിച്ച്
മനസ്സിനുള്ളില്‍
ആരുകളാല്‍ മുറിവേല്‍പ്പിക്കും

സ്വന്തമായൊന്നുമില്ലാത്ത
ജീവിതമാണ് സത്യമെന്ന്

ബോധമണ്ഡലത്തില്‍
ചൊറിക്കയ്യാല്‍ കോറി വരക്കും

കണ്ണു നീരെന്നാല്‍
കള്ളങ്ങളുടെ പ്രസവ രക്തമാണെന്ന്
മുറിവേറ്റ മനസ്സില്‍ പച്ച കുത്തും

ഏകാന്തതകളില്‍
മുട്ടുകളില്‍ മുഖമമര്‍ത്തി
വിതുമ്പുവാന്‍ പറയും

ഇറ്റി
വീഴുന്ന കണ്ണുനീരില്‍
നിലം കുതിരുമ്പോള്‍,
മഴ പോലെയത് ഒഴുകിപ്പരക്കുമ്പോള്‍
ഞെട്ടിയെഴുന്നേല്‍ക്കാന്‍ പറയും

സ്നേഹമെന്നാല്‍
വഞ്ചനയുടെ മറു പുറമാണെന്ന്
തിരസ്കൃതരുടെ വിലാപം
ചെവികളില്‍ മുഴക്കിക്കൊണ്ടെയിരിക്കും

പൊള്ളലേല്‍പ്പിച്ച്
നിദ്രകളില്‍
പ്രണയിനിയുടെ മുഖം കാട്ടിത്തരും.

ചങ്ങലക്കിലുക്കങ്ങള്‍
ഉയരുന്ന ലോകത്തേക്ക്
ഭീതിയോടെ മുഖം തിരിച്ചിരിക്കും

02 March 2009

ഇരയും ചിലന്തിയും

ഒരു ചിലന്തിയുംഇരയെ
നേരിട്ടെതിര്‍ക്കാറില്ല

ചതിയുടെ നൂലിഴയില്‍
ഒട്ടിപ്പോയ ചിറകുകള്‍
കുഴഞ്ഞു തളരുമ്പോള്‍
അത് അടുത്ത് വരും

അവസാന പിടച്ചിലും
തീരും വരെ
ചിലന്തി
ഇരയെ തൊടാറില്ല

ഓടി മാറിയും ഒളിഞ്ഞു നിന്നും
ഒടി വിദ്യയുടെ
ചതുരുപായങ്ങള്‍ പുറത്തെടുത്ത്
ഇരയെ, വരിഞ്ഞു മുറുക്കും

പിടയാനുള്ള ത്രാണിയില്‍
സ്വയം നഷ്ടമാകുന്നതറിഞ്ഞു
മരണം കൊതിച്ചു പോകുമ്പൊള്‍
തന്നെയാണ്
അത്, ഇരയെ തൊട്ടു നോക്കുന്നത്